കാണ്‍പുര്‍: 25 വര്‍ഷങ്ങള്‍ക്ക് ശേഷം മുലായം സിംഗ് യാദവും മായവതിയും ശത്രുത മറന്ന് ഒരേ വേദിയില്‍. മുലായത്തിന്റെ മണ്ഡലമായ മെയ്ന്‍പുരിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മായാവതി എത്തിയത്. തനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മായവതി എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.
‘നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത് അവസാനമായിട്ടായിരിക്കും, ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, നിങ്ങളുടെ സ്നേഹവും ആദരവും ഒരിക്കല്‍ക്കൂടി എനിക്ക് നല്‍കുകയെന്ന് മുലായം സിംഗ് പറഞ്ഞു. അതോടൊപ്പം മായാവതിയെപ്പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും’ മുലായം സിംഗ് കൂട്ടിച്ചേര്‍ത്തു.
‘മികച്ച ഭൂരിപക്ഷത്തില്‍ മുലായം സിംഗ് വിജയിക്കുമെന്നും, മുലായവുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങള്‍ മറന്ന് ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ ഒന്നിച്ചതെന്നും’ മായാവതി പറഞ്ഞു. ‘ഗസ്റ്റ് ഹൗസ് സംഭവം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും മുലായം സിംഗാണ് യഥാര്‍ത്ഥ പിന്നോക്കക്കാരന്, പ്രധാനമന്ത്രി വ്യാജ പിന്നോക്കക്കാരനാണെന്നും’ മായാവതി കൂട്ടിച്ചേര്‍ത്തു.
Discussion about this post