മുംബൈ: എല്ലാ വേദനയും സഹിച്ചോളാം, ക്ഷമിക്കാം… പക്ഷേ എന്റെ പൊന്നുമോള്‍ എന്നെ തിരിച്ചറിയുന്നില്ലല്ലോ..? അവളെ ഒന്നു എടുക്കാന്‍ പോലും ആകുന്നില്ലല്ലോ..? ഈ ചോദ്യങ്ങള്‍ നെഞ്ചുപൊട്ടി കരയുന്ന ഒരു അമ്മയുടേതാണ്. മുംബൈ സ്വദേശിയായ കീര്‍ത്തിയാണ് തന്റെ മകളെ ഓര്‍ത്ത് വ്യാകുലപ്പെടുന്നത്. കീര്‍ത്തിയെ കാന്‍സര്‍ വരിഞ്ഞു മുറുക്കിയിട്ട് കാലം കുറച്ചായി. ഇന്ന് ഇവരുടെ കുഞ്ഞു മകളെ ഒരു കണ്ണാടിച്ചില്ലിനപ്പുറത്ത് നിന്ന് മാത്രമാണ് കാണുന്നത്. കാന്‍സറിന്റെ വേദനയേക്കാള്‍ നൂറിരട്ടി വേദന വരും മകളെ കാണുമ്പോഴെന്ന് കീര്‍ത്തി പറയുന്നു.
കാന്‍സര്‍ ശരീരവും മനസും കാര്‍ന്നു തിന്നാന്‍ തുടങ്ങിയതില്‍ പിന്നെ അവരുടെ മകള്‍ അവരെ തിരിച്ചറിഞ്ഞിട്ടില്ല. കീമോ കിരണങ്ങള്‍ മുടി നഷ്ടപ്പെടുത്തി രൂപം മാറിയതോടെ കുഞ്ഞിന് അവളുടെ അമ്മയുടെ അടുത്തേക്ക് പോകാന്‍ പോലും പേടിയാണ്. ഡോക്ടര്‍മാര്‍ ഇന്‍ഫെക്ഷന്‍ മുന്നറിയിപ്പു നല്‍കിയതോടെ കുഞ്ഞിനെ എടുക്കുന്നതിനും വിലക്കായി. ഇതോടെ മാനസികമായി കീര്‍ത്തി തളര്‍ന്നു.
സന്തോഷ പൂര്‍വ്വം ജീവിച്ചിരുന്ന അവരുടെ ജീവിതത്തിലേയ്ക്ക് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് വിധി ക്രൂരതയുടെ മുഖം മൂടി അണിഞ്ഞത്. കീര്‍ത്തിയില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഡോക്ടര്‍മാര്‍ കൂടി വിധിയെഴുതിയോടെ കുടുംബം തകര്‍ന്നു. ബാക്കിയായത് നല്ല ഓര്‍മ്മകളും, കണ്ണീരും മാത്രമായിരുന്നു. ‘ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ’ ജീവനെടുക്കാന്‍ പോന്ന വിധമുള്ള ആ രോഗത്തിന് വൈദ്യ ശാസ്ത്രം നല്‍കിയിരിക്കുന്ന പേര് അതാണ്. ശരീരത്തിലെ ശ്വേത രക്താണുക്കളെയാണ് ഈ കാന്‍സറിന്റെ വേരുകള്‍ ആക്രമിക്കുന്നത്. അന്നു തൊട്ടിന്നു വരെ മരുന്നും മന്ത്രത്തിലുമായി കീര്‍ത്തിയുടെ ജീവിതം. കീമോയുടെ ഉഗ്ര രശ്മികളും തുടര്‍ച്ചയായ ടെസ്റ്റുകളും അവളുടെ രൂപം തന്നെ മാറ്റി.
നിഴല്‍ പോലെ മരണം അരികിലുണ്ടെന്ന് കീര്‍ത്തി വിശ്വസിക്കുന്നുണ്ട്. ഭര്‍ത്താവിനേയും പ്രിയമകളേയും തന്നില്‍ നിന്നും അറുത്ത മാറ്റുന്ന മരണമാണ് കാന്‍സറെന്ന ബോധ്യവും അവളെ അലട്ടി കൊണ്ടേയിരുന്നു. എങ്കിലും അരികില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം ഇവര്‍ക്കിടയില്‍ ഉണ്ട്. അടിയന്തിരമായ മജ്ജ മാറ്റി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ കീര്‍ത്തിക്കായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനു ചെലവാകുന്നതാകട്ടെ 25 ലക്ഷത്തോളം രൂപ. ‘അധികം മോഹങ്ങളില്ലെനിക്ക്. എന്റെ മകള്‍ക്കു വേണ്ടി എനിക്ക് ജീവിക്കണം. അതിന് ഈ ശസ്ത്രക്രിയ നടന്നേ തീരൂ. 25 ലക്ഷം രൂപ എന്നത് ഞങ്ങളുടെ സ്വപ്നങ്ങളില്‍ പോലുമില്ല. കനിയണം…എന്നെ ജീവിക്കാന്‍ സഹായിക്കണം.’ കണ്ണീരോടെ കീര്‍ത്തി പറയുന്നു.