ന്യൂഡല്‍ഹി: പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും പാര്‍ട്ടി പദവികളും ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടി നേതൃത്വത്തിന് പ്രിയങ്ക രാജി കത്ത് കൈമാറി. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കി.
പ്രിയങ്കയുടെ രാജി ഉത്തര്‍പ്രദേശില്‍ തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘പാര്‍ട്ടിക്കു വേണ്ടി വിയര്‍പ്പും ചോരയും ഒഴുക്കിയവരെക്കാള്‍ ‘വൃത്തികെട്ട ഗുണ്ടകള്‍’ക്ക് പ്രാമുഖ്യം ലഭിക്കുന്നതില്‍ അതിയായ സങ്കടമുണ്ട്. പാര്‍ട്ടിക്കു വേണ്ടി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ എന്നെ അപമാനിച്ചവര്‍ യാതൊരു നടപടിയും കൂടാതെ തടിതപ്പുന്നത് ദൗര്‍ഭാഗ്യകരമാണ്.” എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം മഥുരയില്‍ വെച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ ചില നേതാക്കളെ പാര്‍ട്ടി സംസ്ഥാന നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. പ്രാദേശിക നേതാക്കള്‍ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത് മഥുരയില്‍ റാഫേല്‍ സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ്. ഇതില്‍ ഒരാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post