ചികിത്സക്ക് പണമില്ല; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചു കൊന്നു

സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍

കോലാപൂര്‍: കുഞ്ഞിന്റെ ചിലവുകള്‍ക്ക് കാശില്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍. കുഞ്ഞിന്റെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

മഹോത്ബിയുടെ മകനായ ഷബീറിന്റെ കുട്ടിയായ കുഞ്ഞിന് ജന്മനാല്‍ തൂക്ക കുറവ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഷബീറിന്റെ വരുമാനം നിലച്ചതോടെ കുട്ടിക്കുള്ള ചികിത്സ ചിലവ് കണ്ടെത്തുന്നത് മഹോബത്ബിന്റെ ചുമലിലായി. കുട്ടിക്ക് വേണ്ട ആഹാരമോ പോഷകാഹാരമോ നല്‍കാന്‍ പണംമില്ലാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മഹോത്ബി പോലീസിനോട് പറഞ്ഞു.

അവശനിലയിലായ കുഞ്ഞിനെ ഷബീറും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ട ആശുപത്രി ജീവനക്കാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.

Exit mobile version