അഹമ്മദാബാദ്: ഇന്ത്യയിലെ പുല്‍വാമയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി നടന്ന ബാലാക്കോട്ട് അക്രമത്തില്‍ പാകിസ്താന്‍ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ആ വ്യോമാക്രമണം നടത്തിയത് സ്വയം പ്രതിരോധിക്കാനാണെന്നും പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകള്‍ മാത്രമാണ് വ്യോമസേന ലക്ഷ്യം വെച്ചതെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാകിസ്താന്‍ സൈനികരേയോ പൗരന്‍മാരേയോ ഉപദ്രവിക്കാതെ ഭീകരക്യാമ്പ് തകര്‍ത്ത് വ്യോമസേന ദൗത്യം നിര്‍വഹിച്ചു. പാക് സൈനികര്‍ക്കോ പാക് പൗരന്മാര്‍ക്കോ അക്രമത്തില്‍ യാതൊരു ഹാനിയും സംഭവിക്കരുതെന്ന് വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യ ഇത്തരം നടപടി സ്വീകരിച്ചത് സ്വയം പ്രതിരോധിക്കാന്‍ മാത്രമാണെന്ന് രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പരിശീലന ക്യാമ്പുകള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത് കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു.