ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശബരിമല വിഷയം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡി ശബരിമല വിഷയം പരാമര്‍ശിച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് അധികൃതരോട് ആണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ കള്ളനാണെന്ന പ്രയോഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ സൈന്യം ബാലാകോട്ട് നടത്തിയ വ്യോമാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച് മോഡി നടത്തിയ പരാമര്‍ശത്തില്‍ എന്താണ് നടപടിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മഹാരാഷ്ട്രയിലെ ലാത്തൂര്‍ ഭരണകൂടം ആദ്യം പ്രസംഗത്തിന്റെ ഒരു പാരഗ്രാഫ് മാത്രമാണ് അയച്ചുതന്നതെന്നും പിന്നീട് ലഭിച്ച പൂര്‍ണരൂപം പരിശോധിച്ചുവരികയാണെന്നും ചന്ദ്രഭൂഷണ്‍ അറിയിച്ചു.