കൊല്‍ക്കത്ത: പത്തൊമ്പതാമത്തെ വയസില്‍ ജീവന് പകുത്ത് നല്‍കുക. അതും സ്വന്തം പിതാവിന്. ധൈര്യപൂര്‍വ്വം ഈ തീരുമാനമെടുത്ത കൗമാരക്കാരിയുടെ പ്രവര്‍ത്തി പെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപമായി കാണുന്ന ഒരു സമൂഹത്തിന് അവള് മാതൃകയാവുകയായിരുന്നു. തന്റെ കരളിന്റെ 65 ശതമാനവും ഈ കൊല്ക്കത്തകാരിയായ രാഖി ദത്ത അച്ഛന് പകുത്ത് നല്കി. പലരും ധീരയായ ഈ പെണ്‍കുട്ടിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്.
രണ്ട് പെണ്മക്കളാണ് രാഖിയുടെ അച്ഛന്. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഈ കുട്ടികള്‍ തന്നെയാണ് അച്ഛനെ ആശുപത്രിയിലെത്തിച്ചത്. കൊല്‍ക്കത്തയിലെ ചികിത്സ കൊണ്ട് കാര്യമായ മാറ്റം ഒന്നും ഉണ്ടാവാത്തതിനാല്‍ അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ എത്തുകയായിരുന്നു. അവിടെ വെച്ചാണ് ഈ പത്തൊമ്പതുകാരി ധീരമായ തീരുമാനം എടുത്തത്. ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിച്ചതോടെ അനുയോജ്യമായ ദാതാവിനെ തേടി ഇവര്‍ ഇറങ്ങിത്തിരിച്ചെങ്കിലും, കണ്ടെത്താനായില്ല. സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനുതന്നെ ആപത്തു സംഭവിച്ചേക്കാം എന്ന തിരിച്ചറിവില്‍ കൗമാരക്കാരിയായ ആ പെണ്‍കുട്ടി മറ്റു പലര്‍ക്കും മാതൃകയാക്കാവുന്ന ധീരമായ ആ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നല്കാന് തയാറാണെന്ന് അവള് ഡോക്ടര്‍മാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃത പാടുകളെ കുറിച്ചോ ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ സങ്കടപ്പെടാതെ ആ തീരുമാനമെടുത്തു. അവളുടെ തീരുമാനത്തെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചു. ലോകം അവള്‍ക്ക് വേണ്ടി കൈയ്യടിച്ചു. ഇത് ഞങ്ങളുടെ ഹീറോ എന്നു പറഞ്ഞുകൊണ്ട് അവളുടെയും അച്ഛന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.
Discussion about this post