ശ്രീനഗര്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് കനത്ത ആഘാതമായി കാശ്മീരിലെ ഭീകരവാദികള്‍ക്ക് ചൈനയുടെയും പാകിസ്താന്റേയും സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട്. കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ക്ക് പാകിസ്താന് വന്‍ തോതില്‍ ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ മാത്രം 70 ചൈനീസ് ഗ്രനേഡുകള്‍ കാശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാശ്മീരിലെ വിവിധ തീവ്രവാദ സംഘങ്ങളില്‍ നിന്നായാണ് തോക്കുകളും ഷെല്ലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ മാരക പ്രഹരശേഷിയുള്ള മൈല്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഹാര്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഉള്‍പ്പെടുന്നു. എന്നാല്‍, ചൈനയ്ക്ക് ഈ ആയുധ വിതരണത്തില്‍ നേരിട്ട് പങ്കുണ്ടോ എന്നത് വ്യക്തമല്ല. ചൈനയില്‍ നിന്നും വാങ്ങിക്കുന്ന ആയുധങ്ങള്‍ പാകിസ്താന് രഹസ്യമായി എത്തിക്കുന്നതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് വിവിധ തീവ്രവാദ സംഘങ്ങള്‍ കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. മാര്‍ച്ച് 7- ന് ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നിലും പാകിസ്താന്റെ ചൈനീസ് ആയുധങ്ങളെന്ന കണ്ടെത്തലോടെ രാജ്യത്തിന്റെ സുരക്ഷതന്നെ ആശങ്കയായിരിക്കുകയാണ്.
Discussion about this post