ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരി (40) അന്തരിച്ചു. സാകേതിലെ മാക്സ് ആശുപത്രിയിലേക്ക് മരിച്ചനിലയിലാണ് രോഹിത്തിനെ എത്തിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ ഉച്ചമയക്കത്തിനിടെ രോഹിത് മരിക്കുകയായിരുന്നെന്ന് കരുതുന്നു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായ രോഹിത്തിനെ മൂക്കില്‍ നിന്നും രക്തം വന്ന നിലയില്‍ വീട്ടുജോലിക്കാരനാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. രോഹിത് അമ്മ ഉജ്ജ്വല ശര്‍മ്മയ്ക്കും ഭാര്യ അപൂര്‍വ്വയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്.
നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ഡി തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത്. രാഷ്ട്രീയ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. 2007ലാണ് താന്‍ എന്‍ഡി തിവാരിയുടെ മകനാണെന്ന് കാണിച്ച് രോഹിത് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ആദ്യം ഇക്കാര്യം നിഷേധിച്ച തിവാരി 2014ല്‍ വന്ന കോടതി ഉത്തരവിന് പിന്നാലെയാണ് രോഹിത്തിനെ മകനായി അംഗീകരിച്ചത്. രോഹിത് തിവാരിയുടെ മകനാണെന്ന് 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് വിധിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് രോഹിത് തിവാരിയുടെ മകനാണെന്ന് സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ രോഹിത്തിന്റെ മാതാവ് ഉജ്ജ്വലയെ തിവാരി തന്റെ 88ാം വയസില്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന തിവാരിയും രോഹിതും 2017 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. തിവാരി 2018ലാണ് അന്തരിച്ചത്. കഴിഞ്ഞ വര്‍ഷം മേയിലാണ് രോഹിത് അപൂര്‍വ്വയെ വിവാഹം കഴിച്ചത്.
Discussion about this post