ഒരു വോട്ടിന് 500 രൂപ , ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണം; അണ്ണാഡിഎംകെ മുന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ പുറത്ത്

വാണിയമ്പാടി മുന്‍ എംഎല്‍എ സമ്പത്ത് കുമാര്‍ പിഎംകെ, ഡിഎംഡികെ പ്രവര്‍ത്തകരോട് പണം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്

ചെന്നൈ: മണ്ഡലത്തില്‍ ഒരു വോട്ടിന് 500 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെടുന്ന അണ്ണാ ഡിഎംകെ മുന്‍ എംഎല്‍എയുടെ വീഡിയോ പുറത്ത്. വാണിയമ്പാടി മുന്‍ എംഎല്‍എ സമ്പത്ത് കുമാര്‍ പിഎംകെ, ഡിഎംഡികെ പ്രവര്‍ത്തകരോട് പണം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണമെന്നും സമ്പത്ത് കുമാര്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഡിഎംകെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം വെല്ലൂര്‍ സീറ്റിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു.

ടിടിവി ദിനകരനും കനിമൊഴിയുമുള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്. ഈ സമയത്താണ് മുന്‍ എംഎല്‍എയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

Exit mobile version