വോട്ടിന് കാശ്..! എഎംഎംകെ പ്രവര്‍ത്തകനില്‍ നിന്നും കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ പിടിച്ചെടുത്തു

തമിഴ്‌നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയില്‍ പ്രവര്‍ത്തകന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.

തേനി: ടിടികെ ദിനകരന്റെ പാര്‍ട്ടി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകനില്‍ നിന്നും കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തമിഴ്‌നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയില്‍ പ്രവര്‍ത്തകന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.

വാര്‍ഡ് നമ്പറുകളും ഇവിടങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവും എഴുതിയ 94 പൊതികളിലായാണ് പണം കണ്ടെടുത്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ഓരോ വോട്ടര്‍മാര്‍ക്കും 300 രൂപ വീതം നല്കണമെന്ന് പൊതികളില്‍ രേഖപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ എഎംഎംകെ പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ആണ്ടിപ്പട്ടിയില്‍ എഎംഎംകെ നേതാവിന്റെ വസതിയിലടക്കം റെയ്ഡ് തുടരുകയാണ്.

Exit mobile version