ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിയധിക്ഷേപവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. കള്ളന്റെ ഭാര്യ എന്ന് വിശേഷിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ അധിക്ഷേപം. പ്രിയങ്കയെ കള്ളന്റെ ഭാര്യയായിട്ടാണ് രാജ്യം കാണുന്നതെന്നും തെരഞ്ഞെടുപ്പില്‍ യുപിയില്‍ അവര്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്നും ഉമാ ഭാരതി തുറന്നടിച്ചു.
വാരണാസിയില്‍ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ആര്‍ക്കും ഏത് മണ്ഡലത്തില്‍ നിന്ന് വേണമെങ്കിലും ആര്‍ക്കെതിരെയും മത്സരിക്കാന്‍ കഴിയുമെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. വ്യക്തിയധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്രയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും വദ്ര കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ടെന്നും വദ്ര വ്യക്തമാക്കി.
മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്. വാരണാസിയില്‍ ഇതുവരെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന് കാരണം പ്രിയങ്ക വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Discussion about this post