ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചെന്ന് കമ്മീഷന് അറിയിച്ചു.
ബുധനാഴ്ച ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദിന്റെ വെല്ലൂരിലെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ കതിരിനെതിരെയും ശ്രീനിവാസന്, ദാമോദരന്‍ തുടങ്ങിയ പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെയും ജില്ലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിര് ആനന്ദ്.
മാര്‍ച്ച് 30-ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടി. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തെരഞ്ഞെടുപ്പില്‍ നേരിടാന്‍ ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയാണെന്നാണ് ദുരൈ മുരുകന്റെ പ്രതികരണം.
Discussion about this post