ഫത്തേപുര്‍സിക്രി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാത്തിരുന്നത് സര്‍പ്രൈസ്. സ്ത്രീ ശാക്തീകരണമാണ് പ്രിയങ്ക ഗാന്ധി മുന്നോട്ട് വെയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ പ്രധാനം. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ ഉറപ്പു നല്‍കുന്നുമുണ്ട്. പ്രസംഗങ്ങള്‍ തുടങ്ങുന്നത് തന്നെ സഹോദരന്മാരേ എന്നല്ല, സഹോദരിമാരേ എന്ന് അഭിസംബോധന ചെയ്താണ്.
ഇന്നലെ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സിക്രിയില്‍ പ്രചാരണത്തിന് എത്തിയ മുഖ്യപ്രചാരകയായ പ്രിയങ്കയ്ക്ക് കൂട്ടായി മറ്റൊരു വനിത കൂടിയുണ്ടായിരുന്നു. പ്രിയങ്കയുടെ ഹെലികോപ്റ്റര്‍ പറത്തിയത് ഒരു വനിതാ പൈലറ്റായിരുന്നു.
ഇത് തനിക്കേറെ അഭിമാനം പകര്‍ന്നെന്ന് യാത്രയ്ക്കു ശേഷം പ്രിയങ്ക പറയുന്നു. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചതിങ്ങനെ- ‘എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിതാ പൈലറ്റാണ് എന്റെയൊപ്പം. അതും ചോപ്പറില്‍,’ വനിതാ പൈലറ്റിനൊപ്പമുള്ള ചിത്രവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു. സ്ത്രീകളെയും യുവജനങ്ങളെയും ബിജെപി തെരഞ്ഞെടുപ്പു റാലിയില്‍ അവഗണിക്കുകയാണെന്ന് പ്രിയങ്ക വിമര്‍ശിക്കുകയും ചെയ്തു.
Discussion about this post