ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ മൊത്തം ജനപ്രിയമായ ഒന്നാണ് ടിക് ടോക്. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അഭിനയ മികവിനെ പുറത്തെടുക്കാനുള്ളവരുടെ വേദി കൂടിയാണ് ടിക് ടോക്. ഈ അവസരങ്ങളെല്ലാം അധികം വൈകാതെ ഇല്ലാതായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആവശ്യപ്പെടും. ഇലക്ട്രോണിക് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക് ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ തുടങ്ങുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത്. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം കൈകൊണ്ടത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്. ടിക് ടോകിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
Discussion about this post