ലഖ്നൗ: വിവാദ പ്രസംഗത്തിന്റെ പേരില്‍ 48 മണിക്കൂര്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട ജനങ്ങള്‍ മനസ്സിലാക്കുമെന്നും കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും പ്രചാരണ പരിപാടികളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതല്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബിജെപിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Discussion about this post