മംഗളൂരു: ബിജെപിക്ക് വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി യുവാവ്. നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി കാണാന്‍ വേണ്ടിയാണ് ബിജെപിയെ വിജയിപ്പിക്കാനായി താന്‍ ജോലി പോലും ഉപേക്ഷിച്ച് നാട്ടിലെത്തിയതെന്ന് യുവാവ് പ്രതികരിച്ചു. സിഡ്നി വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ഓഫീസറായി ജോലി നോക്കുന്ന മംഗളൂരു സ്വദേശിയായ സുധീന്ദ്ര ഹെബ്ബാര്‍ എന്ന 41 കാരനാണ് ഈ സാഹസത്തിനു മുതിര്‍ന്നിരിക്കുന്നത്. ലീവ് നീട്ടിക്കിട്ടാത്ത സാഹചര്യത്തില്‍ ഒന്നരവര്‍ഷം നീണ്ട തന്റെ ജോലി ഉപേക്ഷിക്കുകയാണെന്ന് ഹെബ്ബാര്‍ അറിയിക്കുകയായിരുന്നു. മുമ്പ് സിഡ്നി മെട്രോയിലെ ജീവനക്കാരനായിരുന്നു ഹെബ്ബാര്‍.
ഹെബ്ബാറിന് ഏപ്രില്‍ 5 മുതല്‍ 12 വരെയാണ് ലീവ് അനുവദിച്ചിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് തീരുന്നതുവരെ ഈസ്റ്റര്‍, റമസാന്‍ തിരക്ക് കണക്കിലെടുത്ത് ലീവ് നീട്ടിക്കൊടുക്കാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുവാവ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ‘തനിക്ക് അതിര്‍ത്തിയില്‍ പോയി മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല. പക്ഷെ തന്റെ വോട്ട് ചെയ്യാനുള്ള അവകാശവും കടമയുമെങ്കിലും വിനിയോഗിക്കണം’-ഹെബ്ബാര്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ സ്ഥിര താമസ കാര്‍ഡ് വാഹകനാണ് ഹെബ്ബാര്‍. ഭാര്യ ഫിജി-ഓസ്ട്രേലിയന്‍ വംശജയാണ്. വിമാനത്താവളത്തില്‍ ജോലി ചെയ്യും മുന്‍പ് സിഡ്നി ട്രെയിനിലായിരുന്നു ജോലി നോക്കിയിരുന്നത്. മറ്റൊരു ജോലി കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ഇയാള്‍ പറയുന്നു.
2014 ഏപ്രില്‍ 17 ന് ആദ്യമായി ഓസ്ട്രേലിയയ്ക്ക് പറക്കുന്ന ദിവസം ലോക്സഭാ പോളിങ് ആയിരുന്നെന്നും അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബംഗളൂരുവില്‍ നിന്ന് വിമാനം കയറിയതെന്നും ഹെബ്ബാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് 23 വരെ മംഗളൂരുവില്‍ ഉണ്ടാകും, പിന്നീട്, പുതിയ ജോലി കണ്ടെത്താനായി ഓസ്ട്രേലിയയ്ക്ക് പറക്കണമെന്നും ഹെബ്ബാര്‍ പറയുന്നു.
Discussion about this post