ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രപ്രതിരോധ മന്ത്രാലയം. നികുതി ഇളവിനോ അതിന്റെ കാലയളവിനോ ഈ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട റഫാല്‍ കരാറുമായി ബന്ധമില്ല, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നികുതി പ്രശ്നവും റഫാലും തമ്മില്‍ ബന്ധപ്പെടുത്തിയത് പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്ന് മാത്രമല്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാനുള്ള കുത്സിത ശ്രമവുമാണിത്.
റഫാല്‍ കരാറിന്റെ പിന്‍ബലത്തില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് വന്‍ നികുതി ഇളവു നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ നികുതി വെട്ടിപ്പിന് പിഴയിട്ട അംബാനിയുടെ ടെലികോം കമ്പനിക്ക് 143.7 ദശലക്ഷം യൂറോ ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ ലാ മൊണ്ടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രാന്‍സില്‍ അനില്‍ അംബാനി ആരംഭിച്ച ടെലികോം കമ്പനിയാണ് റിലയന്‍സ് അറ്റ്ലാന്‍ഡിക് ഫ്ളാഗ് ഫ്രാന്‍സ്. 2007 2010 കാലഘട്ടത്തില്‍ ഈ കമ്പനിയുടെ നികുതി വെട്ടിപ്പ് ബന്ധപ്പെട്ട് ഫ്രഞ്ച് ആദായനികുതി വകുപ്പ് 60 ദശലക്ഷം യൂറോ പിഴയിട്ടു. ഏഴര ദശലക്ഷം യൂറോ നല്കി ഇത് ഒതുക്കിത്തീര്‍ക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടെ, 2010-2012 കാലഘട്ടത്തില്‍ 91 ദശലക്ഷം യൂറോ അധിക നികുതി കൂടി അടയ്ക്കാന്‍ ഫ്രഞ്ച് ആദായനികുതി വകുപ്പ് അംബാനിയുടെ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ നികുതി ഇനത്തില്‍ ആകെ നല്‍കേണ്ടത് 151 ദശലക്ഷം യൂറോയായി. ഇത് നില്‍ക്കെയാണ് 2015ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം വന്ന് ആറ് മാസം പിന്നിടും മുന്‍പ് അനില്‍ അംബാനിയില്‍ നിന്ന് തുച്ഛമായ 7.3 ദശലക്ഷം യൂറോ കൈപ്പറ്റി നടപടി അവസാനിപ്പിച്ചെന്നാണ് ഫ്രഞ്ച് പത്രം പുറത്തുവിട്ടത്. ആകെ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവാണ് അനില്‍ അംബാനിയുടെ കമ്ബനിക്ക് ഫ്രഞ്ച് ആദായനികുതി വകുപ്പ് നല്‍കിയത്. റഫാല്‍ നിര്‍മ്മാതാക്കളായ ഡസോ ഏവിയേഷനുമായി അനുബന്ധ കരാരില്‍ റിലയന്‍സ് ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം.
റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്പനിക്ക് നികുതിയിളവ് നല്കിയതും റഫാല്‍ കരാറും തമ്മില്‍ ബന്ധമില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ സന്ദേശം നല്‍കാനുള്ള ശ്രമമാണെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.
Discussion about this post