കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയസാധ്യതയുള്ള വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. ജയ സാധ്യത കൂടുമെന്നതിനാലാണ് നോര്‍ത്ത് കൊല്‍ക്കത്ത തെരഞ്ഞെടുത്തതെന്ന് ബിജെപി ബംഗാള്‍ യൂണിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
”അമിത് ഷായെ സ്ഥാനാര്‍ത്ഥിയാകുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ ഗുണം ചെയ്യും. അദ്ദേഹം ഇവിടെ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അത് തങ്ങളെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണെന്നും ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
2014 ല്‍ നോര്‍ത്ത് കൊല്‍ക്കത്തയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നെങ്കിലും മണ്ഡലത്തില്‍ വിജയിക്കാന്‍ ബിജെപിക്ക് ആയിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് ബന്ദോപാധ്യായയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി എത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് 3,43,687 വോട്ടുകളായിരുന്നു ലഭിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17 ശതമാനം വോട്ടിന്റെ കുറവ് അദ്ദേഹത്തിനുണ്ടായെന്നായിരുന്നു ബിജെപി പറഞ്ഞത്.
എന്നാല്‍ ബിജെപിയുടെ രാഹുല്‍ സിന്‍ഹയ്ക്ക് 2,47,461 വോട്ട് ലഭിച്ചെന്നും മുന്‍ തെരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോള്‍ 21.66 ശതമാനം വോട്ടിന്റെ വര്‍ധന ബിജെപിയ്ക്ക് ഉണ്ടായെന്നുമായിരുന്നു പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ ഇത്തവണ മണ്ഡലം പിടിച്ചിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.