തേനി: ശബരിമലയെ വച്ച് കോണ്‍ഗ്രസും ലീഗും കേരളത്തില്‍ അപകടകരമായ കളി കളിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി. കഴിഞ്ഞ ദിവസം കോഴിക്കോട് വന്നപ്പോള്‍ ശബരിമല എന്ന വാക്കുപോലും ഉച്ചരിക്കാത്ത നരേന്ദ്ര മോഡി തമിഴ്നാട്ടിലെ തേനിയില്‍ എത്തിയപ്പോഴാണ് കളം മാറ്റി ചവിട്ടിയത്. തേനിയിലെ പ്രചാരണ റാലിയിലാണ് മോഡിയുടെ ഈ ചുവടു മാറ്റമുണ്ടായത്.
കേരളത്തിനകത്ത് മതങ്ങളെയും ആചാരങ്ങളെയും ശബരിമല അടക്കമുള്ള വിഷയങ്ങളിലും പ്രചാരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതിനാല്‍ കേരള-തമിഴ്നാട് അതിര്‍ത്തിയായ തേനിയിലെത്തിയപ്പോഴാണ് ശബരിമലയെന്ന തുറുപ്പ് ചീട്ട് മോഡി പുറത്തെടുത്തത്.
വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത് നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും ഇടതുപക്ഷ സര്‍ക്കാരിനെ ചൂണ്ടി മോഡി ആരോപിച്ചു.
അതേസമയം കേരളത്തിന്റെ അതിര്‍ത്തി കടന്നപ്പോള്‍ കളി മാറ്റി കളിച്ച പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ട്രോളും നിറയുകയാണ്. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന് പറഞ്ഞു നടക്കുന്ന ബിജെപിക്ക് ഇത് പറയാന്‍ അവകാശമില്ലെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നുണ്ട്. 2014 ലെ തിരഞ്ഞെടുപ്പില്‍ മോഡിയും ബിജെപി യും പ്രധാനമായും ഉയര്‍ത്തി കാണിച്ച 15 ലക്ഷം രൂപയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കള്ളപ്പണക്കാരെ പിടിക്കുമെന്ന ഉറപ്പും പാഴ് വാക്കായതു പോലെയുള്ള തന്ത്രം മാത്രമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട് .
മോഡിയുടെ ബിജെപിയോ കേന്ദ്ര സര്‍ക്കാരോ സുപ്രീം കോടതിയില്‍ നടക്കുന്ന ശബരിമല കേസില്‍ കക്ഷി ചേരാതിരുന്നതിനെ ചോദ്യം ചെയ്യുന്ന സോഷ്യല്‍മീഡിയ, ആചാര സംരക്ഷണം ബിജെപി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയുള്ള അജണ്ട ആയിരുന്നെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയില്ലെന്നും ചോദിക്കുന്നു .
Discussion about this post