‘രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കണം’; സ്മൃതി ഇറാനിക്കെതിരായ ട്രോളുകളില്‍ ഉള്ളംനീറി അരുണ്‍ ജെയ്റ്റ്‌ലി

മുമ്പത്തെ തെരഞ്ഞെടുപ്പുകളില്‍ സ്മൃതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിരുദധാരിയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

ന്യൂഡല്‍ഹി: അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്നുമുതല്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി നിരന്തരം ട്രോളുകള്‍ക്ക് ഇരയാവുകയാണ്. മുമ്പത്തെ തെരഞ്ഞെടുപ്പുകളില്‍ സ്മൃതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിരുദധാരിയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണത്തെ സത്യവാങ്മൂലത്തില്‍ ബികോമിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല, സീനിയര്‍ സെക്കന്ററി വിദ്യാഭ്യാസം മാത്രമേ യോഗ്യതയായുള്ളൂവെന്നാണ് സ്മൃതി ഇറാനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സോഷ്യല്‍മീഡിയ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ, മന്ത്രിയെ സംരക്ഷിക്കാന്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കണമെന്നാണ് ജെയ്റ്റ്‌ലിയുടെ ആവശ്യം.

‘കോണ്‍ഗ്രസ് ഒരു ദിവസം മുഴുവന്‍ പ്രചാരണം നടത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബിരുദത്തെ കുറിച്ചായിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണെന്ന് അവര്‍ മറക്കുന്നു. ബിരുദാനന്തര ബിരുദം നേടാതെയാണ് രാഹുല്‍ എംഫില്‍ നേടിയതെന്ന സംശയമുണ്ട്’ -ജെയ്റ്റ്‌ലി ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും 1995 ല്‍ അദ്ദേഹം വികസന പഠനങ്ങളില്‍ എംഫില്‍ നേടിയിട്ടുണ്ടെന്നും കേംബ്രിഡ്ജ് സര്‍വ്വകലാശാല വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മറുപടി ചെവിക്കൊള്ളാതെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version