ഷിംല: ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം കിടപ്പിലായ സ്ത്രീയായിരുന്നു മരണപ്പെട്ടത്. താഴ്ന്ന ജാതി ആയതിനാല്‍ ശ്മശാനം വിട്ടു നല്‍കില്ലെന്ന് തീര്‍ത്തും പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലിയിലാണ് സംഭവം. മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ശ്മശാന അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും. താഴ്ന്ന ജാതിക്കാരയതിനാല്‍ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കില്ലെന്ന് അവര്‍ പറയുകയായിരുന്നെന്ന് കൊച്ചുമകന്‍ രാം ആരോപിച്ചു. ഉയര്‍ന്ന ജാതിക്കാരുടെ പ്രതികരണം രാം ഫോണില്‍ റെക്കോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
താഴ്ന്ന ജാതിക്കാരുടെ മൃതദേഹം പൊതുശ്മശാനത്തില്‍ അടക്കം ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്നും അത്തരത്തില്‍ നാടിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ മുത്തശ്ശിയുടെ മൃതദേഹം ഞങ്ങള്‍ കാട്ടില്‍ അടക്കം ചെയ്യുകയായിരുന്നു- രാം പറയുന്നു.