ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്തിമ തീരുമാനം പുറത്ത് വന്നു. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്റിന്റേതായിരുന്നു അന്തിമ തീരുമാനം. ഉത്തര്‍പ്രദേശില്‍ ബിജെപി ശക്തി കുറയുന്നതായി കോണ്‍ഗ്രസ് വിലയിരുത്തിയതിന് പിന്നാലെയാണ് പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉയര്‍ന്നത്. അതേസമയം റാഫേല്‍ ഇടപാടും ബിജെപിയുടെ അടിക്കടിയുള്ള കോടതി കയറ്റവും ഇനങ്ങള്‍ക്കിടയില്‍ മടുപ്പ് ഉളവാക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടത്തിലായ മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം, വാരണാസിയില്‍ മോഡിക്കെതിരെ ബിഎസ്പി- എസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സൂചനയുണ്ടായിരുന്നു.