ജമ്മുകാശ്മീര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വിര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. അത് തകര്‍ക്കുന്ന പ്രസ്താവനയാണ് അമിത് ഷായുടെത്. അതിനാല്‍ അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഫ്തി ആവശ്യപ്പെട്ടു.
രാജ്യം എല്ലാവരുടേതുമാണ്. വോട്ടിന് വേണ്ടി അമിത് ഷാ ഉപയോഗിച്ച ഭാഷ ശരിയല്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചത് രാജ്യം മതനിരപേക്ഷമായതിനാലാണ്. മതനിരപേക്ഷതയിലാണ് രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന പ്രസ്താവനയാണ് അമിത് ഷായുടെത്.- മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഡാര്‍ജിലിങ്ങിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പിലാക്കുമെന്നും ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളൊഴികെ എല്ലാവരും നുഴഞ്ഞു കയറ്റക്കാരാണ്. അവരെ പുറത്താക്കുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.