മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അമിത് ഷായേയും രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ. മഹാരാഷ്ട്രയിലെ നന്ദഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കതിരെയും ആഞ്ഞടിച്ചത്.
‘കഴിഞ്ഞ നാലരവര്‍ഷമായി മോഡി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പു റാലികളിലും അദ്ദേഹം അപ്രധാന വിഷയങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനെയും കുറ്റം പറയുകയാണ്. അതേസമയം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയേയും കര്‍ഷക പ്രശ്നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല’- താക്കറെ ആരോപിച്ചു.
നെഹ്റുവിനേയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും സ്ഥിരം കുറ്റപ്പെടുത്തുകയും അതേസമയം അവരെ അനുകരിക്കുകയുമാണ് മോഡി ചെയ്യുന്നതെന്നും താക്കറേ കുറ്റപ്പെടുത്തി. മോഡി ഉപയോഗിച്ച പ്രധാന്‍ സേവക് എന്ന വാക്കു പോലും പ്രധാനമന്ത്രിയായ വേളയില്‍ നെഹ്റു ഉപയോഗിച്ചതായിരുന്നെന്നും താക്കറേ ചൂണ്ടിക്കാട്ടുന്നു
‘മോഡി സ്വയം വിളിക്കുന്നത് പ്രധാന്‍ സേവക് എന്നാണ്. ഈ വാക്ക് യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് നെഹ്റു ഉപയോഗിച്ചതാണ്. ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയായി ഓര്‍ക്കേണ്ട പ്രഥമ സേവകനായി ഓര്‍ത്താല്‍ മതിയെന്നാണ് അന്ന് നെഹ്‌റു പറഞ്ഞത്. മോഡി പ്രഥം സേവക് എന്നത് പ്രധാന്‍ സേവക് എന്നാക്കി’- താക്കറേ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പദവിയിലിരിക്കെ പലതവണ ജനങ്ങളോട് കള്ളം പറഞ്ഞ വ്യക്തിയാണ് പ്രധാനമന്തി മോഡിയെന്നും താക്കറേ ആരോപിച്ചു. ഇന്ത്യയിലെ കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരില്‍ ജനങ്ങളോട് വോട്ടുചോദിച്ചതിന് മോഡി സ്വയം ലജ്ജിക്കേണ്ടതുണ്ടെന്നും താക്കറേ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും താക്കറേ കണക്കിന് വിമര്‍ശിച്ചു. ‘രാജ്യത്തിന്റെ സൈന്യം മോഡിയുടെ സേനയാണെന്നാണ് യോഗി പറഞ്ഞത്. ബലാക്കോട്ട് വ്യോമാക്രമണം നടത്തിയ ജവാന്മാര്‍ക്കും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും വേണ്ടി വോട്ടു ചെയ്യാന്‍ ഇന്ന് മോഡി ആവശ്യപ്പെടുകയാണ്. ജവാന്മാരുടെ പേരില്‍ വോട്ടു ചോദിക്കാന്‍ അദ്ദേഹത്തിന് നാണമില്ലേ?’ താക്കറെ കുറ്റപ്പെടുത്തി.
തെരഞ്ഞടുപ്പിന് മുമ്പ് യുദ്ധസമാനമായി അന്തരീക്ഷം സൃഷ്ടിക്കുകയാണ് പുല്‍വാമ ആക്രമണത്തിലൂടെ മോഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തില്‍ തകര്‍ത്തെന്നു പറയപ്പെടുന്ന മദ്രസയില്‍ കുട്ടികള്‍ ഇരുന്ന പഠിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നുവെന്നും എന്തിനാണ് സര്‍ക്കാര്‍ ജനങ്ങളോട് ഇങ്ങനെ കള്ളം പറയുന്നതെന്നും താക്കറെ കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുന്നു.
Discussion about this post