തീ വ്യാപിക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കി 30 പേര്‍ക്ക് രക്ഷകനായ നായയ്ക്ക് അതേ തീയില്‍പ്പെട്ട് ദാരുണാന്ത്യം

ബാന്ദ: ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖലയിലെ ഇലക്ട്രോണിക്‌സ് ഫര്‍ണിച്ചര്‍ ഷോറൂമിന്റെ താഴത്തെ നിലയിലുണ്ടായ തീപ്പിടിത്തം മറ്റു നിലകളിലേക്ക് പടരുന്നതിന് മുമ്പ് കുരച്ച് മുന്നറിയിപ്പ് നല്‍കിയ നായ അതേ തീയില്‍പ്പെട്ട് ചത്തു. നിരവധിപ്പേര്‍ക്ക് രക്ഷകനായ നായയാണ് തീയില്‍പ്പെട്ട് ചത്തത്.

തീപ്പിടിത്തമുണ്ടായത് നാല് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്. ഉടമ താമസിച്ചിരുന്നത് മുകളിലത്തെ നിലയിലാണ്. കെട്ടിടത്തില്‍ തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. നായയുടെ കുര കേട്ട് കെട്ടിടത്തിലെ വിവിധ നിലകളിലായി ഉണ്ടായിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

പക്ഷേ തീയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ എല്ലാവരും മറന്നു. ആ നായ തീയില്‍ പെട്ട് ചത്തുപോയി. നായയ്ക്ക് അപകടമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് എന്നാണ് താമസക്കാരില്‍ ഒരാള്‍ പറഞ്ഞത്.

തീപിടിത്തത്തിനിടയാക്കിയത് ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് കണ്ടെത്തല്‍. കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന വിറകിന്റെ ശേഖരവും തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമായി. വിവിധ ഫ്‌ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Exit mobile version