മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന; തന്‌റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് മനേക ഗാന്ധി

മനേകാ ഗാന്ധിയുടെ മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്തെത്തി

ന്യൂഡല്‍ഹി: മുസ്ലീം വോട്ടര്‍മാരെപ്പറ്റിയുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്തിരിക്കുകയാണ്, പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്ന് മനേക ഗാന്ധി പറഞ്ഞു. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

സുല്‍ത്താന്‍പുരിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ മനേക ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ‘ഇത് മുസ്ലീങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള മേഖലയാണ്, ജനങ്ങളുടെ സ്‌നേഹവും സഹകരണവും കൊണ്ട് ഞാന്‍ വിജയിച്ചു വരികയാണ്. എന്നാല്‍ എന്റെ വിജയം മുസ്ലീംങ്ങളുടെ പിന്തുണ ഇല്ലാതെയാണെങ്കില്‍ എനിക്ക് അത് നന്നായി തോന്നില്ല. അതോടെ ഹൃദയം കഠിനമാകും. അങ്ങനെ വന്നാല്‍ പിന്നീട് നിങ്ങള്‍ ജോലി തേടി എന്റെ അടുത്ത് വന്നാല്‍ ഞാനും കരുതും എന്തിനാണ് സഹായിക്കുന്നത്.സത്യത്തില്‍ ജോലിയും ഒരു കരാര്‍ തന്നെയല്ലേ’ ഇതായിരുന്നു മനേക ഗാന്ധിയുടെ വാക്കുകള്‍.

മനേകാ ഗാന്ധിയുടെ മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്തെത്തി. പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഇടപെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെ സുല്‍ത്താന്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് മന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Exit mobile version