മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോഡിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്കാരം റഷ്യ നല്‍കിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് ഈ പുരസ്കാരം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. അതെസമയം പുരസ്കാരം എപ്പോള്‍ മോഡിക്ക് നല്‍കും എന്ന കാര്യം വ്യക്തമല്ല. ബഹുമതി ഈ സമയത്ത് സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാകും ബഹുമതി സ്വീകരിക്കുക.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് മോഡിക്ക് ലഭിക്കുന്ന രണ്ടാം ബഹുമതിയാണിത്. നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരത്തിനും മോഡി അര്‍ഹനായിരുന്നു.
റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരന്മാര്ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് ഭരണം വീണതിന് ശേഷം ഈ പുരസ്കാരം തിരികെ കൊണ്ടുവരികയായിരുന്നു.
Discussion about this post