ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് കീഴിലുള്ള കടലാസ് കമ്പനിയില്‍ വിവാദ ഫ്രഞ്ച് കമ്പനി ദാസോ 33 കോടിയുടെ നിക്ഷേപം നടത്തിയെന്ന വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ ദസോ സിഇഒ കള്ളം പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
റിലയന്‍സിന് 284 കോടി ലഭിച്ചത് ദാസോയില്‍ നിന്നാണ്. റിലയന്‍സിന് ഭൂമിയുണ്ടെന്ന പേരിലാണ് കരാര്‍ നല്‍കിയതെന്നാണ് ദാസോ വാദിച്ചത്. എന്നാല്‍ റാഫേല്‍ കരാര്‍ 2015ല്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അംബാനി തട്ടിക്കൂട്ടിയ കടലാസ് കമ്പനിയാണ് ഇതെന്ന് രേഖകള്‍ പോലും തെളിയിച്ചിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ദാസോ കമ്പനിക്കും അംബാനിക്കും മോഡിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാം പ്രതിയാണെന്നും കേസ് അന്വേഷണമുണ്ടായാല്‍ മോഡി കുടുങ്ങുമെന്നും രാഹുല്‍ ആരോപിച്ചു. മോഡിക്കും അംബാനിക്കും പങ്കാളിത്തമുള്ള പദ്ധതിയാണ് റാഫേല്‍. അന്വേഷണം ആരംഭിച്ചാല്‍ മോഡിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.