ന്യൂഡല്‍ഹി: സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ചിട്ടില്ലെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. അങ്ങനെ ഒരു കത്തില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
മുന്‍ ആര്‍മി ചീഫ് ജനറല്‍ എസ്ജി റോഡ്രിഗസും മുന്‍ എയര്‍ഫോഴ്സ് ചീഫ് എന്‍സി സുരിയുമാണ് ഇത്തരമൊരു കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
ഇത് അഡ്മിറല്‍ രാംദാസ് അയച്ച കത്തല്ല. ഇത് മേജര്‍ ചൗധരിയെന്ന പേരില്‍ തയ്യാറാക്കിയ കത്താണ്. വാട്സ് ആപ്പിലും മെയിലിലും ഈ കത്ത് ലഭിച്ചിരുന്നു. ‘- എയര്‍ഫോഴ്സ് ചീഫ് എന്‍സി സുരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
42 വര്‍ഷത്തിനിടെയുള്ള സൈനിക ജീവിതത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം കാണിച്ചില്ല. രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും ജനറല്‍ എസ്എഫ് റോഡ്രിഗോസ് പ്രതികരിച്ചു.
സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
Discussion about this post