മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകള്‍ എപ്പോഴും മാധ്യമശ്രദ്ധ നേടുന്നതാണ്. അദ്ദേഹത്തിന്റെ യാത്രാ ചെലവുകളും നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മറ്റ് പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി മോഡി സ്വദേശത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശത്ത് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ വരെ വ്യാപകമാണ്.
എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ രാജ്യത്തിനകത്തുള്ള യാത്രകളാണ് വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. രാജ്യത്തിനകത്ത് അദ്ദേഹം നടത്തിയ യാത്രകള്‍ക്ക് കണക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്കുന്ന വിവരം. വിവരാവകാശ പ്രവര്ത്തകന് അനില്‍ ഗല്‍ഗലി നല്കിയ അപേക്ഷയിലാണ് പിഎംഒയുടെ മറുപടി.
ചുമതലയേറ്റതു മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടാണ് ആനില്‍ ഗാര്ഗലി വിവരാവകാശം നല്‍കിയത്. എന്നാല്‍ രാജ്യത്തിനകത്ത് പ്രധാനമന്ത്രി യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മറുപടി.
രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്‍ വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്‍ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പിഎംഒ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചും പിഎംഒ വിശദാംശങ്ങള്‍ നല്‍കിയില്ല.
പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ സംബന്ധിച്ച് യാതൊരു രേഖകളും പിഎംഒ ഔദ്യോഗിക വെബ്സൈറ്റിലില്ലെന്ന് അനില്‍ ഗല്‍ഗലി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, കര്‍ണാടക, യുപി, മധ്യപ്രദേശ്. ബിഹാര്‍, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മുകശ്മീര്‍, അസം, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മോഡി യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ ചെലവ് വഹിച്ചത് കേന്ദ്ര സര്‍ക്കാറാണോ ബിജെപിയാണോ എന്നതിനും വ്യക്തതയില്ല.
അതേസമയം, മോഡിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും പിഎംഒയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടെന്ന മറുപടിയാണ് നല്‍കിയത്. 2014 മേയ് മുതല്‍ 2019 ഫെബ്രുവരി 22 വരെ 49 വിദേശ യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്.
Discussion about this post