അനുകൂല വിധി ഉണ്ടായില്ല; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൈത്തണ്ട മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ന്യൂഡല്‍ഹി; സുപ്രീം കോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മാധ്യമ ക്യാമറകള്‍ വെച്ചിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടുപിറകില്‍ നിന്നും കൈ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഓടി വന്നത്. രക്തം ഒലിപ്പിച്ചു കൊണ്ട് ക്യാമറകള്‍ വെച്ചിടത്തേക്ക് ഓടി വന്ന അദ്ദേഹം അവിടെ വീഴുകയായിരുന്നു.

ഇത് സുപ്രീം കോടതിയില്‍ നിന്നും വന്ന വിധിയാണെന്നും ഈ കേസില്‍ എന്നെ അറിയിക്കാതെ എനിക്ക് പ്രതികൂലമായി വിധി വന്നിരിക്കുന്നു എന്നും ഇനി മരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും വെള്ള പേപ്പര്‍ ഉയര്‍ത്തിക്കാട്ടി കൊണ്ട് ഇദ്ദേഹം വിളിച്ചു പറയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.

Exit mobile version