ഡറാഡൂണ്‍: പോളിങ് ബൂത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടി. ഉത്തരാഖണ്ഡില്‍ നാലു ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോളിങ് ബൂത്തില്‍ വെച്ച് സെല്‍ഫി എടുക്കുകയും അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ഹരിദ്വാര്‍, നൈനിറ്റാള്‍ എന്നീ രണ്ട് സ്ഥലങ്ങളിലായാണ് സംഭവങ്ങള്‍ നടന്നത്.
ഹരിദ്വാറില്‍, ബിജെപി ജില്ലാ സെക്രട്ടറി വിശാഖ് തിവാരി ബിജെപി നേതാവ് രവി ജയ്‌സ്വാള്‍ എന്നിവരോടൊപ്പം രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. നൈനിറ്റാളില്‍, പോളിങ് ബൂത്തിനുള്ളില്‍ സെല്‍ഫിയെടുത്തതിനെ തുടര്‍ന്നാണ് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. നൈനിറ്റാളില്‍ വലിയ സുരക്ഷാ വീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വോട്ട് ചെയ്യാന്‍ വരുന്ന പലരും ഫോണുമായി ബൂത്തിലേക്ക് പോകുന്നുണ്ടെന്നും വോട്ടിങ് മെഷീന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ 58 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.