ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സൈന്യത്തെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികള്‍ കത്ത് നല്‍കി. എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍ സൈനികരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയത്. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തേയോ സൈനിക ചിഹ്നങ്ങളേയോ അവരുടെ വസ്ത്രങ്ങളേയോ ഏതെങ്കിലും പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
‘അതിര്‍ത്തിയിലെ സൈന്യത്തിന്റെ നടപടികളും, സൈന്യത്തെ മോഡി കി സേന എന്ന് വിശേഷിപ്പിക്കുന്നത് പട്ടാളക്കാരെയും ഒരു പോലെ ആശങ്കാകുലരാക്കിയിട്ടുണ്ട്’ എന്നാണ് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പ്രത്യേകിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
അതേസമയം സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഊര്‍മിള മണ്ഡോദ്കര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു.