ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടഞ്ഞതിന് പിന്നാലെ ബിജെപിയുടെ ‘നമോ ടിവി’ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടിഞ്ഞാണിട്ടു. ടിവിയില്‍ രാഷ്ട്രീയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിനാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും ഉത്തരവുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് ചെയ്യാത്ത ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഇനി ടിവിയില്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പ് നീരീക്ഷക സമിതിയുടെ അനുമതി ലഭിക്കണം.
പ്രചാരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.
നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണ് നമോ ടിവി. ട്വിറ്ററിലൂടെയാണ് മോഡി ഈ ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.