ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഉത്തര്‍പ്രദേശിലെ വോട്ടര്‍ന്മാര്‍. ബിഎസ്പിയുടെ ആന ചിഹ്നത്തിന് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാരുടെ ആരോപണം. ഉത്തര്‍പ്രദേശില്‍ നടന്ന ഒന്നാംഘട്ട തെരഞ്ഞടുപ്പിലാണ് ആരോപണവുമായി വോട്ടര്‍മാര് രംഗത്തെത്തിയത്.
ബിജ്‌നോര്‍ മണ്ഡലത്തിലെ വോട്ടറാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരാതി ഉന്നയിച്ചത്. നിരവധി വോട്ടര്‍മാര്‍ പരാതിയുമായി വോട്ടിംഗ് ഓഫീസറെ സമീപിച്ചിട്ടും ഇവിഎം മാറ്റാന്‍ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു. അതെസമയം ഇയാളുടെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമായിട്ടില്ല.
നേരത്തെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്ന ഗുരുതര ആരോപണവുമായി എന്‍സി നേതാവ് ഒമര്‍ അബ്ദുള്ളയും രംഗത്ത് വന്നിരുന്നു. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചത്.