രാഹുലിന് നേരെ അപായ ശ്രമം ഉണ്ടായിട്ടില്ല; പച്ച വെളിച്ചം വന്നത് ക്യാമറയില്‍ നിന്നെന്ന് എസ്പിജി

രാഹുലിന്റെ നെറ്റിയില്‍ പതിച്ച പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്ന് വന്നതാണെന്നാണ് എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് നേരെ അപായ ശ്രമം ഉണ്ടായിട്ടില്ലെന്ന് എസ്പിജി. രാഹുലിന്റെ നെറ്റിയില്‍ പതിച്ച പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ക്യാമറയില്‍ നിന്ന് വന്നതാണെന്നാണ് എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് ഇടയിലാണ് രാഹുലിന്റെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചില വീഡിയോകളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.

ബുധനാഴ്ച്ച അമേഠിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഈ റോഡ് ഷോയില്‍ രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതരമായ പാളിച്ച സംഭവിച്ചുവെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. രാഹുലിന്റെ നെറ്റിയില്‍ രശ്മി പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു.

Exit mobile version