ഷംലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നടന്ന പോളിംങിനിടെ വെടിവെപ്പ്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനായി ആളുകള്‍ സംഘമായി എത്തിയതോടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു. കള്ളവോട്ട് ചെയ്യാന്‍ എത്തിയവര്‍ തിരികേ പോകാന്‍ കൂട്ടാക്കാതെ വന്നതിനെ തുടര്‍ന്നാണ് സൈന്യം ആകാശത്തെക്ക് വെടിവച്ചത്.
കൈരാന മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയാണ് സംഭവം. മുപ്പതോളം പേരടങ്ങുന്ന സംഘം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോളിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബിഎസ്എഫ് സൈനികര്‍ ഇടപെട്ടത്. ഷംലിയിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാനായി ആളുകളെത്തിയത്.
താത്കാലം നിര്‍ത്തിവച്ച വോട്ടെടുപ്പ് കള്ളവോട്ട് സംഘം പിരിഞ്ഞ് പോയതിന് പിന്നാലെ പുഃനരാരംഭിച്ചു. പതിനെഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് ഇന്നാണ് ആരംഭിച്ചത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശത്തിലും അടക്കം 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.