ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നതോടെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര നടപടികള്‍ കൈക്കൊള്ളുന്ന മോഡി സര്‍ക്കാരിന്റെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും സഹചാരികളേയും ലക്ഷ്യം വെച്ചുള്ള ആദായ നികുതി റെയ്ഡില്‍ വിശദീകരണം തേടിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര റവന്യൂവകുപ്പിന്റെ മറുപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കള്ളപ്പണവേട്ടയില്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ മറുപടി കത്തില്‍ പരാമര്‍ശിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് മുകളില്‍ വീണ്ടും റവന്യൂ കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചത് ധിക്കാരപരമാണ്. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോകോള്‍ ലംഘനമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ബിജെപിക്കെതിരെയും മോഡി സര്‍ക്കാരിനെതിരേയും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരെയായിരുന്നു റവന്യൂവകുപ്പിന്റെ ആദ്യനടപടി. കമല്‍നാഥിന്റെ വിശ്വസ്തരുടെ ഓഫീസിലും വസതിയിലുമുള്‍പ്പെടെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയത്.
Discussion about this post