തിരുവട്ടാര്‍: കള്ളനോട്ടടി കേസില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് പ്രിന്ററും കള്ളനോട്ടുകളും പിടിച്ചെടുത്തു. ജോര്‍ജിന്റെ തിരുവട്ടാറിലുള്ള വീട്ടില്‍ നിന്ന് പോലീസ് പ്രിന്ററും 500 രൂപയുടെ പതിനൊന്നും 2000 രൂപയുടെ ഒന്‍പത് നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച പിണംതോട്ടിലെ പെട്രോള്‍ പമ്പില്‍ നിന്ന് 500 രൂപയുടെ കള്ളനോട്ട് ലഭിച്ചിരുന്നു. ഇത് കടയാലുമൂട് സ്വദേശിയായ യുവാവാണ് നല്‍കിയതെന്ന് കാട്ടി പമ്പുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടിയതോടെയാണ് അന്വേഷണം ജോര്‍ജിലേക്ക് എത്തിയത്.
ജോര്‍ജ് തനിക്ക് കൂലിയായി തന്നതാണ് ഈ 500 രൂപയെന്നാണ് യുവാവ് പോലീസിന് നല്കിയ മൊഴി. തുടര്‍ന്ന് പോലീസ് ജോര്‍ജിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജോര്‍ജിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് കഴിഞ്ഞ ദിവസം രാത്രി വീട് പരിശോധിച്ചു. ഈ പരിശോധനയിലാണ് കള്ളനോട്ടും പ്രിന്ററും കണ്ടെത്തിയത്.
Discussion about this post