ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പാകിസ്താന്‍. ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.

പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചത്. ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇവിടത്തെ യാഥാര്‍ഥ്യങ്ങളെന്ന് പറഞ്ഞ
പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍
സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.

മന്‍ഷേരയ്ക്കു സമീപമുള്ള പ്രദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും മലമ്പ്രദേശത്തുകൂടി ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതെന്നും ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഇന്ത്യ ബോംബിട്ട് തകര്‍ത്ത ക്യാമ്പിലേയ്ക്കുള്ള മാര്‍ഗമധ്യേ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജനവാസ കേന്ദ്രത്തില്‍ നിന്ന് അകലെയുള്ള ഈ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനത്തില്‍ രൂപപ്പെട്ട ഏതാനും കുഴികളും കടപുഴകിയ മരങ്ങളും മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.

ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു പറയുന്ന മദ്രസ ഒരു കുന്നിനു മുകളിലാണ് സ്ഥിതിചെയ്തിരുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടല്ലെന്നാണ് ഇവര്‍ പറയുന്നത്.

Exit mobile version