ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ആറുമാസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മകളുടെ കല്യാണത്തിന് വേണ്ടിയാണ് നളിനി പരോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജിവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.
മകള്‍ ഹരിതയുടെ കല്യാണത്തിന് വേണ്ടിയാണ് പരോളിന് അപേക്ഷിച്ചതെന്നും കഴിഞ്ഞ 27 വര്‍ഷമായി തടവില്‍ കഴിയുന്ന തനിക്ക് ഇതുവരെ ഒരു പരോള്‍ പോലും അനുവദിച്ചിട്ടില്ലെന്നും നളിനി അപേക്ഷയില്‍ പറയുന്നുണ്ട്. നിലവില്‍ ജീവപര്യന്തം തടവുകാര്‍ക്ക് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പരോള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ തന്റെ കാര്യത്തില്‍ അത് പോലും ചെയ്തില്ലെന്നും നളിനി പറഞ്ഞു.
നിലവില്‍ രാജീവ് ഗാന്ധി വധക്കേസിലെ നളിനി ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. മുരുകന്, ശാന്തന്, പേരറിവാളന്, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
Discussion about this post