ലണ്ടന്‍: ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തിയത്. ഇന്ത്യ- ബ്രിട്ടീഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്നും 1997 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
അന്ന് നടന്നത് എന്തായാലും ആ ദുരന്തത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നെന്നാണ് തേരെസ മേ പറഞ്ഞത്. അതേസമയം പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തവും സത്യസന്ധവുമായ മാപ്പപേക്ഷ വേണമെന്ന് തെരേസ മേയോട് ആവശ്യപ്പെട്ടു.
ഇത് ആദ്യമായിട്ടാണ് ബ്രിട്ടണ്‍ ജാലിയന്‍ വാലാബാഗ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്. 1919 ലാണ് പൈശാചികമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണക്ഷേത്രത്തിനു സമീപം 6.5 ഏക്കര്‍ വരുന്ന മൈതാനത്ത് യോഗം ചേര്‍ന്ന നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ജനറല്‍ ഡയറിന്റെ നേതൃത്വത്തിലാണ് കൂട്ടനരഹത്യ നടന്നത്. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാനായിരുന്നു ജനങ്ങള്‍ യോഗം ചേര്‍ന്നത്. 1919 ഏപില്‍ 13നുണ്ടായ സംഭവത്തില്‍ 379 പേര്‍ മരിച്ചതായാണു ബ്രിട്ടന്റെ ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ആയിരത്തിഅഞ്ഞൂറിലേറെയെന്നാണു ചരിത്രകാരന്‍ പറയുന്നത്.
Discussion about this post