വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രം; തൊഴില്‍ രഹിതനെന്ന് സത്യവാങ്ങ്മൂലം

പാട്‌ന: വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രമെന്ന് സത്യവാങ്ങ്മൂലം. തൊഴില്‍ രഹിതനാണെന്നും കനയ്യ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ആളാണ് കനയ്യ കുമാര്‍.

വിവിധ സര്‍വകലാശാലകളില്‍ ഗസ്റ്റ് ലക്ച്ചറായി ജോലി ചെയ്തും മാഗസിനുകള്‍ക്കും മറ്റുമായി എഴുതിയുമാണ് കനയ്യ കുമാര്‍ സമ്പാദിക്കുന്നത്. കനയ്യ കുമാറിന്റെ പ്രധാന വരുമാനമാര്‍ഗം ‘ബിഹാര്‍ ടു തിഹാര്‍’ എന്ന തന്റെ പുസ്തകം വിറ്റ് ലഭിക്കുന്ന പണമാണ്.

ബാങ്ക് അക്കൗണ്ടുകളിലായി 3,57,848 രൂപയുടെ നിക്ഷേപമുണ്ട്. കൈവശമുള്ളത് 24,000 രൂപയാണ്. ബെഗുസരായില്‍ പൂര്‍വ്വിക സ്വത്തായി ലഭിച്ച രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീടും ഉണ്ടെന്ന് കനയ്യകുമാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. അമ്മ അംഗണവാടി തൊഴിലാളിയും അച്ഛന്‍ കര്‍ഷകനുമാണ്.

കനയ്യകുമാറിന്റെ പേരിലുള്ളത് അഞ്ചു കേസുകളാണ്. ഈ കേസുകളെല്ലാം തന്നെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ബെഗുസരായില്‍ കനയ്യകുമാറിന്റെ എതിരാളികള്‍ ബിജെപിക്കായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങും ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനുമാണ്.

Exit mobile version