ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ പബ്ളിക് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഗോഗോയിയാണ് ഇത്തവണ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തര്‍ദേശീയ മാധ്യമമായ വാഷിംഗ്ടണ്പോസ്റ്റിലൂടെ കടുത്ത വിമര്‍ശമാണ് പല്ലവി അക്ബറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തനിക്ക് അക്ബറില് നിന്ന് പീഡനം നേരിടേണ്ടിവന്നതെന്ന് പല്ലവി പറയുന്നു. അന്ന് ഏഷ്യന്‍ ഏജിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അക്ബര്‍. തുടക്കത്തില്‍ മാധ്യമപ്രവര്ത്തകന് എന്ന നിലയിലുള്ള അക്ബറിന്റെ വാക്ചാതുരിയും, ശൈലീപ്രയോഗങ്ങളിലും എന്നെ ഏറെ വിസ്മയിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്ക അയാളുടെ അശ്ലീല പദപ്രയോഗങ്ങള്‍ താന്‍ മന:പൂര്‍വം അവഗണിക്കുകയും ചെയ്തു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ എനിക്ക് എഡിറ്ററായി സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു. പക്ഷേ അതിന് തനിക്ക് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഒരു എഡിറ്റോറിയല്‍ ലേഖനവുമായി ബന്ധപ്പെട്ട് അയാളെ കാണാന്‍ ചെന്നു. ആദ്യം വളരെയധികം അഭിനന്ദിച്ച അയാള്‍ പെട്ടെന്ന് എന്നെ ചുംബിക്കാന്‍ ആഞ്ഞു. അന്ന് കുതറിമാറിയെങ്കിലും, ആ അനുഭവം എന്നെ വല്ലാതെ ഉലച്ചിരുന്നു പല്ലവി പറഞ്ഞു.
പിന്നീട് കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ സമാനമായ അനുഭവം അക്ബറില് നിന്ന് വീണ്ടും നേരിടേണ്ടി വന്നതായും പല്ലവി കുറിച്ചു. അന്ന് അയാളെ തള്ളിമാറ്റുകയായിരുന്നു. പിന്നീട് പലപ്പോഴും ഇത്തരത്തിലുള്ള പീഡനങ്ങള്‍ അക്ബര്‍ തുടര്‍ന്നിരുന്നതായും പല്ലവി വ്യക്തമാക്കുന്നു. സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവെച്ചപ്പോള്‍ അവര്‍ക്കും അയാളില്‍ നിന്ന് ഇത്തരം കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി അറിഞ്ഞു.
അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും തന്റെ ദുരനുഭവം മൂടിവയ്ക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് താനിത് പുറത്തുവിടുന്നതെന്ന് പല്ലവി കുറിച്ചു. സത്യം പുറത്തുകൊണ്ടുവന്ന എല്ലാ സ്ത്രീകള്ക്കുവേണ്ടിയുമാണ് ഞാനിതിപ്പോള്‍ പറയുന്നത്, ഒപ്പം കൗമാരക്കാരായ എന്റെ മകള്‍ക്കും മകനും വേണ്ടിക്കൂടി പല്ലവി വ്യക്തമാക്കി. എന്നാല്‍ പല്ലവിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് അക്ബറിന്റെ അഭിഭാഷകന് പ്രതികരിച്ചു.
മീ ടൂ ആരോപണത്തെ തുടര്‍ന്ന് ഒക്ടോബര്‍ പതിനേഴിനാണ് എംജെ അക്ബര്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ഇരുപതോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ ലൈംഗികരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു രാജി.
Discussion about this post