ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി
കൃത്യനിര്‍വ്വഹണം നിര്‍വഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദായ നികുതി വകുപ്പ് കത്തയച്ചിരിക്കുകയാണ്.
കുമാരസ്വാമിക്ക് പുറമെ ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരുള്‍പ്പെടെ ഒരു കൂട്ടം കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പള്‍ ചീഫ് കമ്മീഷണര്‍ ബിആര്‍ ബാലകൃഷ്ണനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു. ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നീ വിഭാഗങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പ്രതിഷേധിച്ചുമായിരുന്നു ധര്‍ണ.
പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജി പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ ഡികെ ശിവകുമാര്‍, മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് എത്തിയിരിക്കുന്നത്. കൃത്യനിര്‍വ്വഹണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് ആദായ വകുപ്പ് പറയുന്നത്.