ന്യൂഡല്‍ഹി: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് വേണ്ടിയും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കു വോട്ട് ചെയ്യണമെന്ന് കന്നി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ പോളിങ് ഉദ്യോഗസ്ഥരോടാണ് മോഡിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ഔസയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡി വിവാദ പരാമര്‍ശം നടത്തിയത്. ‘ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവരോടാണ് തനിക്ക് പറയാനുള്ളത്. നിങ്ങളുടെ കന്നിവോട്ട് ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ വീര ജവാന്മാര്‍ക്ക് വേണ്ടിയും, വീരമൃത്യുവരിച്ച പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കു വേണ്ടിയും സമര്‍പ്പിക്കൂ’- മോഡി പ്രസംഗത്തിനിടെ പറഞ്ഞതിങ്ങനെ.
അതേസമയം, സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഇതാണ് മോഡിക്ക് വിനയായത്.
നേരത്തെ തെരഞ്ഞെടുപ്പ് റാലികളില്‍ ഇന്ത്യന്‍ സേനയെ മോഡിയുടെ സേന എന്ന് വിശേഷിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസനയ്ക്ക് പാത്രമായിരുന്നു.