ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ സ്വാഗതം ചെയ്ത് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രകടന പത്രികയിലെ വാഗ്ദാനമായ രാജ്യത്തെ പ്രധാന നദികളെ സംയോജിപ്പിക്കുമെന്ന കാര്യത്തെയാണ് താരം സ്വാഗതം ചെയ്തിരിക്കുന്നത്. വളരെ കാലമായി താന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും രജനീകാന്ത് പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരാണ് അധികാരത്തിലെത്തുക എന്നറിയില്ല. എന്നാല്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ നദീ സംയോജനം സാധ്യമാകും എന്ന വാഗ്ദാനമുള്ളതായി കണ്ടു. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം നടപ്പാക്കേണ്ട പദ്ധതി ഇതായിരിക്കണമെന്നും രജനികാന്ത് പറഞ്ഞു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എബി വാജ്പേയുടെ സ്വപ്നപദ്ധതിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നദീ സംയോജനം യാഥാര്‍ത്ഥ്യമായാല്‍ നാട്ടിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഇതിലൂടെ ഒരുപാട് പേര്‍ക്ക് ജോലികിട്ടുമെന്നും കൃഷിക്കും വ്യവസായത്തിനും ഇത് തുണയാവുമെന്നും രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.