ഭോപാല്‍: ആദായനികുതി വകുപ്പ് കമല്‍നാഥുമായി ബന്ധപ്പെട്ടവരുടെ വസതികളില്‍ നടത്തി വരുന്ന റെയ്ഡ് തുടരുന്നു. കണക്കില്‍ പെടാത്ത 14.6 കോടി രൂപയാണ് വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ പണമായി കണ്ടെടുത്തത്. കൂടാതെ ഹവാല മാര്‍ഗത്തിലൂടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഈയിടെ 20 കോടി രൂപ കടത്തിയതിന്റെ തെളിവും കണ്ടെത്തി. എന്നാല്‍ ഏതു പാര്‍ട്ടിയാണ് അതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഒപ്പം കണക്കില്‍ കൊള്ളിക്കാതെ 281 കോടി രൂപയുടെ കൈമാറ്റം നടന്നതായും കണ്ടെത്തി. ഇത് നടത്തുന്നത് ബിസിനസ്, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍പെട്ട വ്യക്തികളുടെ വ്യാപകവും സംഘടിതവുമായ ഒരു ശൃംഖല വഴിയാണെന്നും ബോധ്യപ്പെട്ടിട്ടുണ്ട്.
ആയുധം, പുലിത്തോല്, ഡയറികള്‍, സംശയകരമായ കംപ്യൂട്ടര്‍ ഫയലുകള്‍, 252 കുപ്പി മദ്യം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കംപ്യൂട്ടര്‍ ഫയലുകളിലും എക്സെല്‍ ഷീറ്റുകളിലും പണമിടപാടുകള്‍ തെളിയിക്കുന്നതിനു സഹായകരമായ വിവരങ്ങളാണ് ഉള്ളത്.
കമല്‍നാഥിന്റെ അടുത്ത ബന്ധുവിന്റെ സ്ഥാപനത്തില്‍ നിന്ന് 230 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. 80 കമ്പനികളിലായി കള്ളപ്പണം നിക്ഷേപിച്ചതിന്റെയും തെളിവ് കണ്ടെടുത്തു. 242 കോടി രൂപയുടെ കള്ള ബില്ലിലൂടെയും പണം കടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ സമ്പന്ന മേഖലകളില്‍ ബെനാമി വസ്തുക്കളുണ്ടെന്നതിന്റെയും രേഖകള്‍ കിട്ടിയിട്ടുണ്ട്.
Discussion about this post