ന്യൂഡല്‍ഹി: തൊഴിലുറപ്പുകാര്‍ക്ക് ഇനി ആശ്വസിക്കാം. തൊഴിലുറപ്പ് പദ്ധതിക്ക് 1511 കോടിരൂപ കുടിശ്ശിക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവസാനം കിട്ടിയ കൂലി നവംബര്‍ മാസമായിരുന്നു. സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുള്ളത്.
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ പണിയെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് അവര്‍ക്ക് ദിവസ വേതനം കിട്ടുന്നത്.